Thursday 29 November 2012

ഫലസ്തീനില്‍നിന്നൊരു മടക്കടിക്കറ്റ് - ഒ അബ്ദുല്ല

ഖത്തറിലെ ഞങ്ങളുടെ അയല്‍വാസി ഫലസ്തീനി ഹസന് ഖത്തര്‍ പെട്രോളിയം കമ്പനിയിലായിരുന്നു ജോലി. അധികദിവസങ്ങളിലും രാത്രി അധികഡ്യൂട്ടി. ആ ദിവസങ്ങളില്‍ പകല്‍ വിശദമായ ഉറക്കം. 

ഹസന്റെ ആദ്യഭാര്യ തസ്നിയക്ക് വയസ്സ് 70. മക്കള്‍ ഒമ്പത്. ഒമ്പതും ഹവ്വാപുത്രികള്‍. ഒരു മഹിളാ അസോസിയേഷന്‍ യൂനിറ്റ് സ്ഥാപിക്കാന്‍ ഹസന്റെ വീട് എന്തുകൊണ്ടും അനുയോജ്യം.
ഭര്‍ത്താവിന്റെ പകലുറക്കത്തിന് ഭംഗംവരാതിരിക്കാന്‍ ഹസന്റെ കിളവിയായ ഭാര്യ ഞങ്ങള്‍ താമസിക്കുന്ന വീട്ടില്‍ വന്നാണു ഫോണ്‍ ചെയ്യുക. ഞാന്‍ കളിയാക്കും: ഭര്‍ത്താവിനെ രണ്ടാംഭാര്യയോടൊപ്പം സുഖിക്കാന്‍ വിടുന്ന ഒന്നാംഭാര്യമാര്‍ ഫലസ്തീനില്‍ മാത്രമേ കാണൂ. ആ തൈക്കിളവി ചിരിക്കും. സംസാരിക്കാന്‍ നിന്നുകൊടുത്താല്‍ അന്തിയാവും വരെ അവര്‍ ചിലച്ചുകൊണ്ടിരിക്കും. 

ആ ദിവസത്തെ സംസാരം ഹസന്റെ രണ്ടാംഭാര്യ ഹസീനയെക്കുറിച്ചായിരുന്നു. ആ ഫലസ്തീനി സ്ത്രീ പറയുകയാണ്: ഞങ്ങള്‍ ഫലസ്തീനികള്‍ക്കും ഈജിപ്തുകാര്‍ക്കുമിടയില്‍ ബഹുഭാര്യത്വം അത്യപൂര്‍വമാണ്. അതീവ നിര്‍ബന്ധിതാവസ്ഥയിലേ അവര്‍ അതിന് ഒരുമ്പെടൂ. ഞാന്‍ നിര്‍ബന്ധിച്ചിട്ടാണ് ഹസന്‍ രണ്ടാമത് വിവാഹം കഴിച്ചത്. ഞങ്ങള്‍ക്ക് ആണ്‍കുട്ടികളില്ല. ഫലസ്തീനില്‍ പൊരുതാന്‍ ഞങ്ങള്‍ക്ക് ആണ്‍കുട്ടികള്‍ വേണം. ഇസ്രായേലി ജൂതന്മാര്‍ ഞങ്ങളെ കൊന്നുതീര്‍ത്തുകൊണ്ടിരിക്കുന്നതു കണ്ടില്ലേ. ഫലസ്തീനിലേക്കു തിരിച്ചുപോവുന്നതു വരെ ഞങ്ങള്‍ പിന്തിരിയുകയില്ല. പോരാട്ടം ഞങ്ങളുടെ ജീവിതലക്ഷ്യമാണ്. അതിന് ആണുങ്ങള്‍ വേണം.

അതും പറഞ്ഞ് ആ വൃദ്ധസ്ത്രീ വികാരാധീനയായി. മണ്‍കട്ടകൊണ്ടു നിര്‍മിച്ച വീട്ടില്‍ വേട്ടാളനെപ്പോലെ താമസിക്കുന്ന ഹസന് രണ്ടാമത്തെ ഭാര്യയിലും ആണ്‍കുട്ടികള്‍ പിറന്നില്ല എന്നതു വിധിവൈപരീത്യം. ഒരു ഒറ്റമുറി വീട്ടില്‍ എങ്ങനെയാണു ഹസന്‍ കുടുംബം പെറ്റുപെരുകിയത് എന്ന് അല്ലാഹുവിനേ അറിയൂ. ഫലസ്തീനില്‍ ഹസന്‍കുടുംബത്തിന് ഒലീവുമരങ്ങളാല്‍ സമൃദ്ധമായ വിശാലമായ തോട്ടവും അരുവിയും ഉണ്ടായിരുന്നുവത്രേ. ദോഹയിലെ ബിദയില്‍ ഇടുങ്ങിയ മണ്‍കൂരയിലിരുന്ന് ഒരുനാള്‍ തന്റെ പ്രിയപ്പെട്ട ഒലീവുതോട്ടത്തിലേക്കു തിരിച്ചുപോവുന്നതിനെക്കുറിച്ചു സ്വപ്നം കാണുന്ന അയല്‍വാസി ഹസനെയും ഭാര്യയെയും ഓര്‍മയുടെ മുറ്റത്തേക്കു കൂട്ടിക്കൊണ്ടുവന്നത് ഗസയില്‍ ഈ അടുത്തിടെ നടന്ന സംഭവങ്ങളാണ്. 

എട്ടു രാപകലുകള്‍ ഇസ്രായേലി മിസൈലുകള്‍ ഗസയെ തവിടുപൊടിയാക്കുന്നതിന്റെ ദൃശ്യം അല്‍ജസീറ ചാനല്‍ വിശദമായി ഒപ്പിയെടുത്ത് അവതരിപ്പിക്കവെ ഒന്നിലേറെ ടി.വി ചാനലുകളുടെ ചര്‍ച്ചയ്ക്കു ക്ഷണിക്കപ്പെട്ടു. അന്നേരം ഫലസ്തീന്‍പക്ഷത്ത് മരണം നൂറ്റമ്പതിനടുത്ത്. മരിച്ച ഇസ്രായേലുകാരുടെ എണ്ണം വെറും മൂന്ന് (പിന്നീടത് അഞ്ചായി). ടെലിവിഷന്‍ ആങ്കര്‍മാരില്‍ ഒരാളുടെ ചോദ്യത്തിനു മറുപടിയായി ഞാന്‍ പറഞ്ഞു. ഫലസ്തീന്‍പക്ഷത്തു മരണം ആയിരമായാലും ആ ജനത കീഴടങ്ങുന്ന പ്രശ്നം ഉദിക്കുന്നില്ല. എന്നാല്‍, മൂന്നിനു പകരം ഇസ്രായേലി പക്ഷത്ത് മരണം 30 ആയാല്‍ ഇസ്രായേലി പ്രധാനമന്ത്രി നെതന്യാഹു അധികാരംവിട്ട് ഓടേണ്ടിവരും; ഉടനെ ഇസ്രായേല്‍ യുദ്ധം നിര്‍ത്തേണ്ടിയും വരും. 

ടെലിവിഷന്‍ ആങ്കര്‍ വിശദീകരണം ചോദിച്ചു. എന്തു വിശദീകരിക്കാന്‍. ലോകത്ത് ഏറ്റവും കൂടുതല്‍ ചെറുപ്പക്കാരുള്ള രാജ്യമാണു ഫലസ്തീന്‍ എന്നതിനു പുറമെ, ഏറ്റവുമേറെ പ്രത്യുല്‍പ്പാദനം നടക്കുന്ന സമൂഹവും അവരുടേതാണ്. നേരത്തേ പറഞ്ഞ തസ്നിയ എന്ന തള്ള തൊട്ട് അവരുടെ കൊച്ചുമകള്‍ തമന്നും വരെ, കൂടുതല്‍ സന്താനങ്ങള്‍; യുദ്ധം ചെയ്യാന്‍ കൂടുതല്‍ കൈകള്‍ എന്ന ഒറ്റക്കാര്യത്തെ കുറിച്ചു മാത്രമാണ് സദാ ചിന്തിക്കുന്നത്. കാരണം, പോരാട്ടം വഴിയല്ലാതെ ഇസ്രായേലിനെ തകര്‍ക്കാനാവില്ലെന്ന് അവര്‍ക്കു ബോധ്യമായിരിക്കുന്നു.

ഇപ്പറഞ്ഞത് ഫലസ്തീനിയന്‍ വനിതയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ ഒരു ഭാഗം. അതിന്റെ മറ്റേ ഭാഗം, ഇസ്രായേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നു ഗസാ തെരുവില്‍ നാം ടി.വി ചാനലുകള്‍ വഴി നേരിട്ടുകണ്ടതാണ്. ഇസ്രായേലി മിസൈലുകളുടെ ചുടലനൃത്തത്തിന് ശരവ്യമാവുക വഴി പിടഞ്ഞുമരിച്ച പഴുത്ത ഓറഞ്ചിന്റെ മുഖമുള്ള പിഞ്ചോമനകളുടെ മൃതശരീരങ്ങള്‍ മറമാടാന്‍ ഏല്‍പ്പിച്ചശേഷം തെരുവില്‍ വന്നു വിജയനൃത്തം ചെയ്യുന്ന യുവതികളുടെ ശരീരഭാഷ വിളിച്ചുപറയുന്നതെന്താണ്? അവരുടെ വിലയിരുത്തലുകളനുസരിച്ച്, തങ്ങള്‍ മുലയൂട്ടിക്കൊണ്ടിരുന്ന ആ കുരുന്നുകള്‍ മരിച്ചിട്ടില്ല. മറിച്ച്, "ബല്‍ അഹ്യാഉന്‍ ഇന്‍ദറബ്ബിഹും യുര്‍സഖൂന്‍'' അഥവാ, ജീവിച്ചിരിക്കുന്നവരും  ദൈവികസാമീപ്യത്താല്‍ പുളകിതരായി വിലസുന്നവരുമായിത്തീര്‍ന്നിരിക്കയാണ് ആ കൊച്ചു രക്തസാക്ഷികള്‍. വിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിച്ച് ചാനലുകള്‍ക്കു മുമ്പില്‍ മതപ്രസംഗം അവതരിപ്പിച്ചില്ലെങ്കിലും ആ ജനതയുടെ അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസം അടിവരയിട്ടു വിവരിക്കുക തന്നെ ചെയ്തു. തലയ്ക്കു മുകളില്‍ മിസൈലുകള്‍ വന്നുപതിക്കുന്നു. അതു സര്‍വതും ചുട്ടുനശിപ്പിക്കുന്നു. വീടും പരിസരവും കുതിച്ചുപാഞ്ഞെത്തുന്ന മിസൈലില്‍ തകര്‍ന്നുതരിപ്പണമാവുന്നു. പോരാത്തതിന്, മാറില്‍ മുലയൂട്ടിക്കൊണ്ടിരിക്കുന്നതോ തൊട്ടില്‍നിദ്രയിലാണ്ടതോ മുറ്റത്ത് ഓടിക്കളിച്ചുകൊണ്ടിരിക്കുന്നതോ ആയ ഓമനമക്കളുടെ പൊന്നുടലുകള്‍ മിസൈലുകള്‍ നക്കിത്തീര്‍ക്കുന്നു. ഇപ്രകാരം ബലികൊടുക്കേണ്ടിവന്ന പിഞ്ചുകുഞ്ഞുങ്ങളുടെ എണ്ണം ഒന്നല്ല, രണ്ടല്ല, ഇരുപത്തിരണ്ട്!
എന്നിട്ടും അവരെ നൊന്തുപ്രസവിച്ച ഉമ്മമാര്‍ വാവിട്ടുകരയുന്നതിനു പകരം, നെഞ്ചത്തടിച്ചു നിലവിളിച്ച് ആര്‍ക്കുന്നതിനു പകരം, വെടിനിര്‍ത്തലിന്റെ വിവരമറിയുമ്പോള്‍ വായ്ക്കുരവയിട്ട് ആഹ്ളാദം പ്രകടിപ്പിക്കുകയും 'വി' ആകൃതിയില്‍ വിരലുകളുയര്‍ത്തി വിജയചിഹ്നം പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. എന്തൊരു മനക്കരുത്ത്; എന്തൊരു നിശ്ചയദാര്‍ഢ്യം! 
ലോക മുസ്ലിമിന്റെ പരിസരം തല ഛേദിക്കപ്പെട്ട ഉടലുകളാല്‍ നിബിഡമാണ്. അഫ്ഗാനില്‍ എന്നും പൊട്ടിത്തെറി; ഇറാഖില്‍ പതിവായി സ്ഫോടനം, ലിബിയയില്‍ ഒളിയുദ്ധം; സിറിയ ആഭ്യന്തരയുദ്ധത്തിന്റെ എരിതീയില്‍ വെന്തുനീറുന്നു; വസീറിസ്താനില്‍ ആളില്ലാവിമാനങ്ങള്‍ ഹെലികോപ്റ്ററുകള്‍ മരുന്നു തളിച്ച് കീടങ്ങളെ കൊല്ലുംപ്രകാരം മനുഷ്യരെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു. നിത്യം കഴുകന്മാര്‍ക്കും കാട്ടുകുറുക്കന്മാര്‍ക്കും മാത്രം ആഹ്ളാദം പകരുന്ന വാര്‍ത്തകള്‍. ഈ സമുദായം പതിയെ പതിയെ തുടച്ചുനീക്കപ്പെടുകയാണോ? മ്യാന്‍മറിലെ എട്ടുലക്ഷം റോഹിന്‍ഗ്യാ മുസ്ലിംകള്‍ വിദേശി മുദ്രകുത്തി ബംഗ്ളാ അതിര്‍ത്തിയിലേക്ക് ആട്ടിയോടിക്കപ്പെടുന്നു. ഒരു ഉറുമ്പിനെപ്പോലും കൊല്ലാന്‍ അനുവദിക്കാതെ അഹിംസാമതത്തിന്റെ അനുയായികളായ ബുദ്ധമതസ്ഥര്‍ക്ക് മുസ്ലിംരക്തം ഹലാലാണ്. അവരെ ബംഗ്ളാദേശ് ഏറ്റെടുക്കണമെന്നുതന്നെയാണു മ്യാന്‍മറിലെ സ്വാതന്ത്യ്ര പോരാട്ടത്തിന്റെ അടയാളമായി വാഴ്ത്തപ്പെടുന്ന സൂച്ചി പോലും ഒടുവിലായി പറഞ്ഞിരിക്കുന്നത്. അസമില്‍നിന്ന് അഞ്ചരലക്ഷം പേരാണ് ഇപ്രകാരം സ്വന്തം വീടും നാടും വിട്ട് അഭയാര്‍ഥിക്യാംപുകളിലേക്ക് ഓടേണ്ടിവന്നിരിക്കുന്നത്. അവര്‍ തിരിച്ചുവരുമ്പോള്‍ വീണ്ടും വീണ്ടും ബോഡോ വംശീയവാദികളാല്‍ ആക്രമിക്കപ്പെടുന്നു. ബംഗ്ളാദേശുകാരാണത്രേ ഈ അസമീസ് മുസ്ലിംകളും. 
വരട്ടെ വിധിയെഴുതാന്‍. സംഭവങ്ങളെ തലതിരിച്ചുവായിക്കാന്‍ ഏതോ അശരീരി വിളിച്ചുപറയുന്നു. അതനുസരിച്ചു ഗസയിലും ഫലസ്തീനിലും യുദ്ധം വിതച്ചു മുന്നേറുന്ന ഇസ്രായേലിന്റെ മരണഗോഷ്ടിയാണ് പിന്നിട്ട വാരത്തില്‍ കണ്ടത്. ഇസ്രായേല്‍ എന്ന രാഷ്ട്രം നിലനില്‍പ്പുഭീഷണി നേരിടുകയാണെന്ന് മിഡിലീസ്റ് രാഷ്ട്രീയനിരീക്ഷകന്മാര്‍ തെളിവുകള്‍ നിരത്തി സമര്‍ഥിക്കുന്നു. ഹുസ്നി മുബാറക്കിന്റെ ഈജിപ്തല്ല മുഹമ്മദ് മുര്‍സിയുടെ ഈജിപ്ത്, റാശിദ് ഗനൂശിയുടെ തുണീസ്യ, ഉര്‍ദുഗാന്റെ തുര്‍ക്കി, ഹമദിന്റെ ഖത്തര്‍ എന്നിത്യാദി യാഥാര്‍ഥ്യങ്ങള്‍ ഇതിനോടു ചേര്‍ത്തുവായിക്കുക. അന്നു ഞാന്‍ എഴുതിയിരുന്നല്ലോ, കെയ്റോയിലെ മലിക് ഫൈസല്‍ സ്ട്രീറ്റിലെ മുഹമ്മദ് മുര്‍സിയുടെ പ്രസ്ഥാനമായ ഇഖ്വാനുല്‍ മുസ്ലിമീന്റെ ഓഫിസ് കണ്ടുപിടിക്കാന്‍ പെട്ട പാട്, അലക്സാന്‍ഡ്രിയന്‍ വിമാനത്താവളത്തില്‍ വച്ചു സുദാനിലെ മുന്‍ ഇഖ്വാന്‍ നേതാവ് ഹസന്‍ തുറാബിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍, 'ചുപ്', മിണ്േടണ്ട, ചുവരുകള്‍ക്കു കാതുകളുണ്ട് എന്ന് ആ സുദാനി സുഹൃത്ത് ചെവിയില്‍ മന്ത്രിച്ചതിനെക്കുറിച്ച്. 

ഇന്ന് അലക്സാന്‍ഡ്രിയയിലെ ആ വിമാനത്താവള ചുവരില്‍നിന്നു ഹുസ്നി മുബാറക്കിന്റെ ചിത്രം എടുത്തുമാറ്റി തദ്സ്ഥാനത്ത് മുര്‍സിയുടെയും നടേ പരാമര്‍ശിച്ച ഹസന്‍ തുറാബിയുടെയും പ്രസ്ഥാനമായ ഇഖ്വാന്റെ സ്ഥാപകനേതാവ് ഹസനുല്‍ ബന്നയുടെ ചിത്രം തൂക്കിയിട്ടുണ്ടാവുമെന്നു തീര്‍ച്ച. 

ഇന്നാണ് ഈജിപ്തില്‍ പോയിരുന്നതെങ്കില്‍ ഇഖ്വാന്റെ ആസ്ഥാനം അന്വേഷിച്ചു കെയ്റോയിലെ ഞങ്ങളുടെ ആ ടാക്സി ഡ്രൈവര്‍ നട്ടംതിരിഞ്ഞപോലെ കെട്ടിടനമ്പര്‍ മാത്രം വെളിപ്പെടുത്തി നട്ടംതിരിയേണ്ടിവരുമായിരുന്നില്ല. പുതുതായി കെയ്റോവില്‍ പോവുന്ന ആര്‍ക്കും ഈജിപ്തിലെ ഭരണകക്ഷിയുടെ ആസ്ഥാനം അറിയാനായി ഏതു തെരുവുപയ്യനോടും അന്വേഷിക്കാം, നിര്‍ഭയം. 
ഒരു ഈജിപ്തിലെയോ തുണീസ്യയിലെയോ ലിബിയയിലെയോ മാത്രം സ്ഥിതിയല്ല ഇത്. ഒരല്‍പ്പം മുമ്പ് എന്തായിരുന്നു തുര്‍ക്കിയിലെ അവസ്ഥ? അറബി അക്ഷരങ്ങള്‍ പഠിക്കാന്‍ പാടില്ലാത്ത തുര്‍ക്കി, അറബിയില്‍ ബാങ്കുവിളി പാടില്ലാത്ത തുര്‍ക്കി, മതപഠനം നിശ്ശേഷം നിരോധിക്കപ്പെട്ട തുര്‍ക്കി, ശിരോവസ്ത്രം ധരിച്ചു വിദ്യാലയങ്ങളില്‍ ഹാജരാവാന്‍ പാടില്ലാത്ത തുര്‍ക്കി, രാഷ്ട്രകാര്യങ്ങളില്‍ മതവുമായി ബന്ധപ്പെട്ട യാതൊന്നും ഉച്ചരിക്കാന്‍ പാടില്ലാത്ത തുര്‍ക്കി. ഉര്‍ദുഗാന്‍ അധികാരത്തിലേറിയ ഉടനെ അദ്ദേഹം ഒരു ഇഫ്താര്‍ വിരുന്നിനോടനുബന്ധിച്ച് പരസ്യമായി മഗ്രിബ് നമസ്കാരം നിര്‍വഹിച്ചതിനെ തുര്‍ക്കി പത്രങ്ങള്‍ വിമര്‍ശിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ശിരോവസ്ത്രം ധരിച്ചത് വന്‍ വിവാദവിഷയമായി. തുടര്‍ന്ന് ഭാര്യയെ അദ്ദേഹം യാത്രയിലും പൊതുചടങ്ങുകളിലും കൂടെ കൂട്ടാതായി. 
ചെറുതല്ല, മുസ്ലിംലോകത്ത് അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍. മ്യാന്‍മറിലെ റോഹിന്‍ഗ്യാ മുസ്ലിംകളെ ആശ്വസിപ്പിക്കാന്‍ അവിടെ ഓടിയെത്തിയ ഔദ്യോഗിക പ്രതിനിധിസംഘം തുര്‍ക്കിയുടെ വകയായിരുന്നു. ആ പ്രതിനിധിസംഘത്തില്‍, ശിരോവസ്ത്രം ധരിച്ചതിനാല്‍ മാറ്റിനിര്‍ത്തപ്പെട്ട ഉര്‍ദുഗാന്റെ ഭാര്യയും ഉള്‍പ്പെട്ടിരുന്നു. ഗസയിലെ പിഞ്ചുകുഞ്ഞുങ്ങള്‍ നഷ്ടപ്പെട്ട ഉമ്മമാരെ ആശ്വസിപ്പിക്കാനെത്തിയവരുടെ മുന്‍പന്തിയിലും തുര്‍ക്കി ഉണ്ടായിരുന്നു. ഇന്ത്യയില്‍ പോലും ഈ മാറ്റത്തിന്റെ അനുരണനങ്ങളുണ്ട്. 
അസമിലെ അനിഷ്ടസംഭവങ്ങളെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ തീര്‍ത്തും വ്യത്യസ്തമാണ്. റിലീഫ് പ്രവര്‍ത്തകരുടെ ബാഹുല്യം കാരണം അഭയാര്‍ഥിക്യാംപുകള്‍ ശ്വാസംമുട്ടുന്നു. അസം അഭയാര്‍ഥി ക്യാംപ് സന്ദര്‍ശിക്കാത്ത ഗ്രൂപ്പുകള്‍ ദുരിതാശ്വാസം എന്ന വാക്ക് ഉച്ചരിക്കാന്‍പോലും അര്‍ഹരല്ല എന്ന തോന്നല്‍ സാര്‍വത്രികം. 

അറബ്വസന്തം അതിന്റെ രാഷ്ട്രീയസാധ്യതയുടെ ഊര്‍ജം പൂര്‍ണമായും പുറത്തേക്കു തള്ളിയിട്ടില്ല. ജനങ്ങള്‍ തെറ്റിദ്ധരിക്കുംവിധം ഒരു എയര്‍സ്പ്രേയുടെ പേരല്ല മുല്ലപ്പൂവസന്തം. അളന്നുകണക്കാക്കാന്‍ കഴിയാത്തതാണ് അതിന്റെ സാധ്യതകള്‍. അത് ഇഴഞ്ഞുനീങ്ങിയിരുന്ന മുസ്ലിംലോകത്തിന് എഴുന്നേറ്റ് ഓടാന്‍ കരുത്തു നല്‍കുന്ന ദിവ്യാമൃതം അടങ്ങിയ എക്സ്ട്രാ പവര്‍ ആണ്. സാമ്രാജ്യത്വത്തിന്റെ അമ്മിക്കടിയില്‍ കുടുങ്ങിക്കിടന്ന അതിന്റെ വാല്‍ ഇതിനകം അത് ഊരിയെടുത്തിരിക്കുന്നു. 

ആ വസന്തത്തിന്റെ അനന്തസാധ്യതകള്‍ ലോകം അറിയാനിരിക്കുന്നതേയുള്ളൂ. തീര്‍ച്ചയായും ആ സാധ്യതയുടെ പട്ടികയില്‍ ഇസ്ലാമിന്റെ അതിശക്തമായ തിരിച്ചുവരവ് ഉള്‍പ്പെടുന്നു. ദൈവം സാക്ഷി.

-ഒ അബ്ദുല്ല